Monday, July 22, 2013

കുട്ടികള്‍ സത്യം അറിയട്ടെ

എം. സുചിത്ര
14/11/2008
വീണ്ടും ഒരു ശിശുദിനം. ഇന്ന് ക്ലാസുണ്ടാവില്ല. കുട്ടികള്‍ ആഹ്‌ളാദത്തിലായിരിക്കും. ചാച്ചാ നെഹ്‌റുവിന് കുട്ടികളെ വലിയ ഇഷ്ടമായിരുന്നെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുകയാണെന്നും ഏതെങ്കിലും അധ്യാപികയോ അധ്യാപകനോ ക്ഷണിക്കപ്പെട്ട മറ്റേതെങ്കിലും വ്യക്തിയോ പ്രസംഗത്തിനിടെ കുട്ടികളോട് പറയും. രാഷ്ട്രത്തിന്റെ ഭാവി നിങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന വാചകവും ആ പ്രസംഗത്തിലുണ്ടാവും. പിന്നെ, മത്സരങ്ങള്‍, കലാപരിപാടി, സമ്മാനദാനം. ശുഭം! ഒരു വ്യത്യാസത്തിനു വേണ്ടി ഇക്കുറിയെങ്കിലും നമുക്ക് കുട്ടികളോട് സത്യം പറഞ്ഞാലോ? പ്രതിവര്‍ഷം ഒമ്പതു ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് നേടി മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയശേഷവും ശാസ്ത്ര-സാങ്കേതിക രംഗത്ത് സൂപ്പര്‍ശക്തിയായി വളര്‍ന്നു ചന്ദ്രനരികിലെത്തിയ ശേഷവും മഹാഭാരതം കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും വളരെ പിന്നിലാണെന്ന സത്യം? ഇരുണ്ട ഭൂഖണ്ഡത്തിലെ ദാരിദ്ര്യം പിടിച്ച പലരാജ്യങ്ങളെക്കാളും, വര്‍ഷങ്ങളായി ആഭ്യന്തര കലാപം നടക്കുന്ന അയല്‍ രാജ്യമായ ശ്രീലങ്കയെക്കാളും ഏറെ പിന്നിലാണ് കുട്ടികളുടെ വികസന കാര്യത്തില്‍ ഇന്ത്യ എന്നത് അവരോട് തുറന്നു പറഞ്ഞാലോ?
ലോകത്തിലെ കുട്ടികളുടെ അവസ്ഥയെപ്പറ്റി ഐക്യരാഷ്ട്രസഭ ഓരോ വര്‍ഷവും റിപ്പോര്‍ട്ടു പുറത്തിറക്കുന്നുണ്ട്- "സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍' എന്ന പേരില്‍. ഓരോ വന്‍കരയിലെ, മേഖലയിലെ കുട്ടികളുടെ സ്ഥിതി ഈ റിപ്പോര്‍ട്ടിലുണ്ടാകും. ഏഷ്യ, കിഴക്കനേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണേഷ്യയില്‍ തന്നെ ഇന്ത്യ എന്ന രീതിയില്‍ വിശദമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടനുസരിച്ചു കുട്ടികളുടെ പുരോഗതിയില്‍ ഏഷ്യയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിറകിലാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുളള രാജ്യമാണ് ഇന്ത്യ-44 കോടി കുട്ടികള്‍. അഞ്ചു വയസിനു താഴെ 15 കോടിയിലേറെ കുട്ടികള്‍. ലോകത്ത് അഞ്ചു വയസിനുതാഴെ ഒരു വര്‍ഷം ഒരുകോടി കുട്ടികള്‍ മരിക്കുമ്പോള്‍ അതില്‍ 21 ലക്ഷം കുട്ടികള്‍, അതായത് അഞ്ചിലൊരുഭാഗം ഇന്ത്യയിലാണ്. ജനിക്കുമ്പോള്‍ തൂക്കക്കുറവുളള കുട്ടികളില്‍ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണ്. 47 ശതമാനം കുട്ടികളും പോഷകാഹാരം ലഭിക്കാത്തവരാണ്. ഇനിയുമുണ്ട് ഒന്നാംസ്ഥാനങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേലക്കാരുടെ, തെരുവുകുട്ടികളുടെ രാജ്യമാണ് ഇന്ത്യ. 130 ലക്ഷം കുട്ടിത്തൊഴിലാളികള്‍. കുട്ടികളുടെ കാര്യത്തിനിടക്ക് അമ്മമാരും ഒരു സ്ഥിതിവിവരക്കണക്കായി പ്രത്യക്ഷപ്പെടുന്നു. ഓരോ വര്‍ഷവും 1,17,000 സ്ത്രീകള്‍ പ്രസവവുമായി ബന്ധപ്പെട്ടു മരിക്കുന്നു. ദാരിദ്ര്യം, പട്ടിണി, ശുദ്ധമായ കുടിവെളളത്തിന്റെ അഭാവം, മോശപ്പെട്ട ജീവിത പരിസരം, വേണ്ട സമയത്ത് ചികിത്സയും വൈദ്യ സഹായവും കിട്ടാതെ വരുന്നത് തുടങ്ങിയവയൊക്കെ അമ്മമാരുടെയും കുട്ടികളുടെയും മരണത്തിനു കാരണമെന്നും ഇതില്‍ പകുതിയോളമെങ്കിലും ശരിയായ ഇടപെടലിലൂടെ തടയാനാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ, ഇന്ത്യ എവിടെ നില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ തന്നെ മനുഷ്യ വികസനറിപ്പോര്‍ട്ടും അന്താരാഷ്ട്ര ഭക്ഷ്യ ഗവേഷണ സ്ഥാപനത്തിന്റെ ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടും. മനുഷ്യ വികസന റിപ്പോര്‍ട്ടില്‍ 177 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്.
അതില്‍ ഇന്ത്യയുടെ സ്ഥാനം 128- അവസാനത്തെ 50 രാഷ്ട്രങ്ങളോടൊപ്പം. സാമ്പത്തികശക്തിയായ ഇന്ത്യയെക്കാള്‍ മുന്നിലാണ് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന. ഇന്ത്യയെക്കാള്‍ 38 പടി മുന്നിലാണ് ശ്രീലങ്ക. ആയിരത്തില്‍ 13 കുട്ടികളാണ് ശ്രീലങ്കയില്‍ മരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ 54 കുട്ടികള്‍ മരിക്കുന്നുണ്ട്. ശിശു മരണനിരക്ക് ശ്രീലങ്കയെ അപേക്ഷിച്ച് നാലിരട്ടിയാണെന്നര്‍ത്ഥം. മനുഷ്യവികസന റിപ്പോര്‍ട്ടില്‍ 169ാംസ്ഥാനത്തുനില്‍ക്കുന്ന എത്യോപ്യയില്‍ ജനിക്കുമ്പോള്‍ തൂക്കക്കുറവുളള കുട്ടികള്‍ 15 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 30 ശതമാനമാണ്. ജീവിതദൈര്‍ഘ്യം, കുട്ടികളുടെ ആരോഗ്യം, പോഷകാഹാര ലഭ്യത തുടങ്ങിയവ മാനദണ്ഡമായെടുത്തു കൊണ്ട് തയാറാക്കിയ "ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടി'ല്‍ 88 രാജ്യങ്ങളില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. സാമ്പത്തിക പുരോഗതി സാമൂഹികപുരോഗതിയാക്കി മാറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും ദരിദ്ര-സമ്പന്ന വിഭാഗങ്ങള്‍ക്കിടയിലുളള അകലം വര്‍ധിച്ചുവരികയാണെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നിന്നു സാധാരണക്കാരും ദരിദ്രവിഭാഗങ്ങളും കൂടുതല്‍ പുറന്തളളപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമായി പറയുന്നുണ്ട്. ചാന്ദ്രയാന്‍ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു "ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടി'ന്റെ വരവ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടില്ല. ഇത്രയും കാലം കുട്ടികള്‍ക്കു വേണ്ടി ഇന്ത്യ ഒന്നും ചെയ്തില്ല എന്നൊന്നും ഇതുകൊണ്ട് അര്‍ത്ഥമില്ല. ആദ്യത്തെ നാലു പഞ്ചവത്സര പദ്ധതികളും അമ്മമാരേയും കുട്ടികളെയും പാടെ അവഗണിച്ചു എന്ന് ബോധ്യം വന്നപ്പോള്‍ "കുട്ടികള്‍ രാഷ്ട്രത്തിന്റെ അമൂല്യസമ്പത്താണ്' എന്ന് അടിവരയിട്ടു പറയുന്ന ഒരു ദേശീയനയം തന്നെ 1974 ല്‍ കുട്ടികള്‍ക്കു വേണ്ടി രൂപവല്‍ക്കരിച്ചു. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം ഗര്‍ഭിണികള്‍ക്കും മൂലയൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസിനു താഴെയുളള കുട്ടികള്‍ക്കും വേണ്ടി സംയോജിത ശിശുവികസന പദ്ധതി(ഐ.സി.ഡി.എസ്) ആവിഷ്കരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വന്‍ഷനില്‍ തീരുമാനിച്ച കാര്യങ്ങള്‍ അംഗീകരിച്ചു. കുട്ടികളുടെ ക്ഷേമം എന്ന നിലയില്‍ നിന്നു കുട്ടികളുടെ അവകാശം എന്ന നിലയിലേക്ക് സമീപനം മാറ്റി. കുട്ടികളുമായി ബന്ധപ്പെട്ട ഇരുപതോളം നിയമങ്ങള്‍ക്കു രൂപം നല്‍കി. 2005ല്‍ കുട്ടികള്‍ക്കായി ദേശീയ കര്‍മ്മപദ്ധതി വന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ദേശീയ കമ്മിഷനെ നിയോഗിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും വികസനത്തിനു വേണ്ടി പ്രത്യേക മന്ത്രാലയം തന്നെ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍, പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിനു പണം വകയിരുത്താത്തതും വകയിരുത്തുന്ന പണം നല്‍കാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വനിതാ-ശിശുവികസന മന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടുന്നു. ഐ.സി.ഡി.എസ് പോലെ വളരെ പ്രധാനപ്പെട്ട പദ്ധതികള്‍ക്കും പോലും ആവശ്യത്തിനു പണം ലഭിക്കുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഐ.സി.ഡി.എസ് സാര്‍വത്രികമാക്കും എന്ന വാഗ്ദാനമുണ്ടെങ്കില്‍പ്പോലും ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റുകളിലൊന്നും ശിശു വികസനത്തിനു വലിയ പ്രാധാന്യമൊന്നും ലഭിച്ചില്ല. ഇപ്പോഴും 62 ശതമാനം കുട്ടികള്‍ സംയോജിത ശിശുവികസന പദ്ധതിക്കു പുറത്താണ്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. സുരക്ഷിതമായ ജീവിതം, പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, പോഷകാഹാരം, കുടിവെളളം, ശാരീരികവും മാനസികവുമായ സംരക്ഷണം, ആരോഗ്യ-വൈദ്യ സേവനം എന്നിവ കുട്ടികള്‍ക്കു ലഭ്യമാക്കാനും അടിമവേലയില്‍ നിന്നും അപകടകരമായ തൊഴിലുകളില്‍ നിന്നും കുട്ടികളെ പരിരക്ഷിക്കാനും കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്കു ബാധ്യതയുണ്ട്. എന്നാല്‍, ഇന്ത്യയുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ ലിംഗ-ജാതി-മത-വര്‍ഗ-വംശപരമായ വിവേചനങ്ങളാണ് കുട്ടികളുടെ സ്ഥിതി ഇത്ര വഷളാകാന്‍ കാരണമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
ജനനസമയത്ത് മരിക്കാനും രോഗം വരാനുമുളള സാധ്യത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെയാണെങ്കിലും അഞ്ചു വയസിനു താഴെ മരിക്കുന്നത് അധികവും പെണ്‍കുട്ടികളാണ്. മുലപ്പാല്‍ കൊടുക്കുന്നതില്‍പ്പോലും വിവേചനം കാണിക്കുന്നുണ്ട് പെണ്‍കുട്ടികളോട്. ഒരു പെണ്‍കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും അപകടം പിടിച്ച സമയം അമ്മയുടെ ഗര്‍ഭത്തിലെ ആദ്യത്തെ രണ്ടു മാസമാണ്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. 1980നും 2000ത്തിനുമിടക്ക് 50 ലക്ഷം പെണ്‍ഭ്രൂണഹത്യ ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്ന് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെ കൊന്നുകൊന്ന് ഒടുവില്‍ കല്യാണം കഴിക്കാന്‍ പെണ്ണില്ലാതാകുമ്പോള്‍ പഞ്ചാബും ഹരിയാനയും ആസാം, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്നു കന്നുകാലികളെപ്പോലെ വില്‍ക്കുന്നതിനെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ കടത്തിക്കൊണ്ടു വരുന്നവരില്‍ വലിയൊരു ഭാഗം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ്. കേരളത്തിലെ കണ്ണൂരില്‍ ഹരിയാന കല്യാണങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ത്ഥകാരണവും ഹരിയാനയിലെ പെണ്‍ഭ്രൂണഹത്യഹത്യ തന്നെയായിരിക്കണം.പെണ്‍ഭ്രൂണഹത്യയും ശിശുഹത്യയും കൂടുതലും നടക്കുന്നത് വിദ്യാഭ്യാസമുളളവര്‍ക്കിടയിലും സാമ്പത്തികമായി ഭേദപ്പെട്ട വിഭാഗങ്ങളിലുമാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഭഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പല സ്കൂളുകളിലും ദലിത് കുട്ടികള്‍ക്കു മോശം ഭക്ഷണം നല്‍കുന്ന പതിവുണ്ടെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോകാന്‍ പോലും ദലിത് സ്ത്രീകളെയും കുട്ടികളെയും മറ്റു വിഭാഗക്കാര്‍ അനുവദിക്കുന്നില്ലെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്കൂളുകളില്‍ നിന്നു കൊഴിഞ്ഞുപോകുന്നത് ഏറെയും ആദിവാസി-ദലിത് കുട്ടികള്‍ തന്നെയാണ്. രാജ്യത്തെ മുസ്ലിം കുട്ടികളില്‍ 25 ശതമാനം സ്കൂളിനു പുറത്താണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ-വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിക്കുന്ന കുട്ടികളുടെ സ്ഥിതി പരമദയനീയമാണെന്ന് കുട്ടികളുടെ ദേശീയ കമ്മിഷന്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളുടെ ദുരവസ്ഥ ഒരു ഉത്തരേന്ത്യന്‍ കഥയൊന്നുമല്ല. കേരളത്തില്‍ ശിശു മരണനിരക്കും മാതൃ മരണനിരക്കും കുറവാണെന്നത് ശരിതന്നെ. പക്ഷേ, സംസ്ഥാനത്തെ 40 ലക്ഷം കുട്ടികളില്‍ വലിയൊരു ഭാഗം സാമൂഹികവും സാമ്പത്തികവുമായി മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡിന്റെ "ഇക്കണോമിക് റിവ്യു'വില്‍ തന്നെ പറയുന്നു. കുട്ടികള്‍ക്കു നേരെയുളള അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ നോക്കിയാല്‍ മനസിലാകും. 2003ല്‍ 148 കുട്ടികളാണ് കേരളത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. 2004 ആയപ്പോഴേക്കും അത് 219 ആയി. ലൈംഗികാവശ്യങ്ങള്‍ക്കു വേണ്ടി കുട്ടികളെ കടത്തുന്നത് 2005ല്‍ നിന്ന് 200 ആയപ്പോഴേക്കും 66 ശതമാനമാണ് കൂടിയത്.
ഏറ്റവുമൊടുവില്‍, നിയമത്തിന്റെ ദൃഷ്ടിയില്‍ ആരാണ് കുട്ടി എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ഓരോ നിയമവും കുട്ടികളെ ഓരോ തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ജനപ്രാതിനിധ്യം നിയമമനുസരിച്ച് വോട്ടവകാശം ലഭിക്കാന്‍ 18 വയസാകണം. അതുവരെ കുട്ടിയാണ്. ജുവനൈല്‍ ജസ്റ്റിസ് നിയമമനുസരിച്ചും 18 വയസുവരെയുളളവരാണ് കുട്ടികള്‍. എന്നാല്‍ ബാലവേല നിരോധന നിയമം ബാധകമാകുന്നത് 14 വയസിനു താഴെയുളളവര്‍ക്കാണ്.
അച്ഛനമ്മമാരുടെ സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും വിവാഹം ചെയ്യാന്‍ 18 വയസാകണം. എന്നാല്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണോ എന്ന് സ്വയം തീരുമാനിക്കാന്‍ 16 വയസായാല്‍ മതി എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം പറയുന്നത്!
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈ സ്ഥിതിക്ക്, ചാച്ചാ നെഹ്‌റുവിന് നിങ്ങളോട് വലിയ സ്‌നേഹമായിരുന്നു എന്നു പറഞ്ഞാല്‍ മതിയാകില്ല ഇനി കുട്ടികളോട്. ഒരു ജനവിഭാഗമെന്ന നിലയില്‍ തങ്ങള്‍ എന്തെന്നുഭവിക്കുന്നു എന്ന് അവര്‍ അറിയേണ്ടതുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ സ്കൂളുകളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഒരു സര്‍ക്കുലര്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ചിരുന്നു. ഈ വര്‍ഷവും അയച്ചിട്ടുണ്ടാവണം. സര്‍ക്കുലറില്‍ പറയുന്നതു പോലെ, ഒന്നുമില്ലെങ്കിലും സ്വന്തം അവകാശങ്ങള്‍ എന്താണെന്നറിയാനുളള അവകാശമെങ്കിലും കുട്ടികള്‍ക്ക് ലഭിക്കണമല്ലോ.

Post your comments.

Name:
Email:
(optional):
Please enter
your comments:


ലോകത്തിലെ കുട്ടികളുടെ അവസ്ഥയെപ്പറ്റി ഐക്യരാഷ്ട്രസഭ ഓരോ വര്‍ഷവും റിപ്പോര്‍ട്ടു പുറത്തിറക്കുന്നുണ്ട്- "സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍' എന്ന പേരില്‍. ഓരോ വന്‍കരയിലെ, മേഖലയിലെ കുട്ടികളുടെ സ്ഥിതി ഈ റിപ്പോര്‍ട്ടിലുണ്ടാകും. ഏഷ്യ, കിഴക്കനേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണേഷ്യയില്‍ തന്നെ ഇന്ത്യ എന്ന രീതിയില്‍ വിശദമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടനുസരിച്ചു കുട്ടികളുടെ പുരോഗതിയില്‍ ഏഷ്യയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിറകിലാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. സുരക്ഷിതമായ ജീവിതം, പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, പോഷകാഹാരം, കുടിവെളളം, ശാരീരികവും മാനസികവുമായ സംരക്ഷണം, ആരോഗ്യ-വൈദ്യ സേവനം എന്നിവ കുട്ടികള്‍ക്കു ലഭ്യമാക്കാനും അടിമവേലയില്‍ നിന്നും അപകടകരമായ തൊഴിലുകളില്‍ നിന്നും കുട്ടികളെ പരിരക്ഷിക്കാനും കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്കു ബാധ്യതയുണ്ട്.


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org

No comments:

Post a Comment